ഒരു പരാജയവും അവസാനമല്ല; കർണ്ണൻ പഠിപ്പിച്ച പാഠം.

ഇന്ത്യയിലുണ്ടായ മഹത്തായ നോവലുകളിലൊന്നാണ് ‘മൃത്യുഞ്ജയ’, ‘കർണ്ണൻ’ എന്ന പേരിൽ അത് മലയാളത്തിൽ ജീവിക്കുന്നു

ഏറ്റവും വലിയ വേദനയെന്ത്?

അപമാനമാണത്….

ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനിൽ നിന്നേൽക്കുന്ന അപമാനം. അത് ഹത്യയെക്കാൾ കൊടിയത്. പരാജയത്തെക്കാൾ ഭീകരം. ജീവിതത്തിൽ ഏതൊരു മനുഷ്യനും അപമാനിക്കപ്പെട്ട ഒരു മുഹൂർത്തത്തിൽക്കൂടി കടന്നു പോയിട്ടുണ്ടാവും. ഭൂമിയോളം താഴ്ന്ന് തല കുനിച്ച്, നിറഞ്ഞ കണ്ണുകളടച്ച് ഒന്നുമല്ലാതെ നിൽക്കേണ്ടി വരുന്ന ഒരു നിമിഷം!

അങ്ങനെ കൊടിയ പരാജയമേറ്റ് അപമാനിതനായി നിൽക്കുന്ന ഒരാളെ എന്തു പറഞ്ഞാണ് ആശ്വസിപ്പിക്കാൻ കഴിയുന്നത്? എങ്ങനെയാണ് അയാളെ ഒന്നുണർത്തുക? അപമാനിക്കപ്പെട്ട ജീവിതത്തെക്കാൾ മഹത്തരമായത് മരണം തന്നെയെന്ന് ചിന്തിച്ചു നിൽക്കുന്ന മനുഷ്യനെ എപ്രകാരം തിരികെപ്പിടിക്കാനാവും?

അപമാനിക്കപ്പെട്ട ഒരാൾ പിന്നെ ഒരിക്കലും ശാന്തത പ്രാപിക്കുന്നില്ല. ഉമിത്തീ പോലെ അയാളിലെ പ്രതികാരാഗ്നി നീറിക്കൊണ്ടിരിക്കും. പക തീർക്കാനായി മാത്രം പുനർജനിക്കും. അവസരമെത്തു വരുമ്പോൾ കിരാതമായ കരുത്തോടെ അയാൾ തിരിച്ചടിച്ചിരിക്കും.

ഒരു ഇന്ത്യൻ ക്ലാസ്സിക് നോവൽ ചെറിയ പ്രായത്തിൽത്തന്നെ എനിക്ക് അതിനുള്ള ഉത്തരം തന്നു. ജീവിതത്തിൽ പിന്നീട് നേരിട്ട അപമാനങ്ങളെ ഒന്നു കൈ കുടഞ്ഞ് ‘ഏയ്’ എന്ന് കളഞ്ഞ് മുന്നോട്ട് നടക്കാൻ ആ കൃതി എന്നെ പ്രാപ്തനാക്കി.

ഇരുപത്തഞ്ച് വർഷം മുമ്പാണ് ഞാൻ ശിവാജി സാവന്തിന്റെ ‘കർണ്ണൻ’ വായിക്കുന്നത്. ഇന്ത്യൻ ഇതിഹാസങ്ങളെ അതിജീവിച്ചെഴുതിയ കൃതികളിലേക്ക് കടക്കുന്ന കാലമായിരുന്നു അത്. ഇന്ത്യയിലുണ്ടായ മഹത്തായ നോവലുകളിലൊന്നാണ് ‘മൃത്യുഞ്ജയ’. ‘കർണ്ണൻ’ എന്ന പേരിൽ അത് മലയാളത്തിൽ ജീവിക്കുന്നു. റെയിൽവേയിൽ ജോലി കിട്ടി മഹാരാഷ്ട്രയിലെ മിറജ് നഗരത്തിൽ താമസിക്കുന്ന കാലം. തൊട്ടടുത്ത കോലാപ്പൂർ ജില്ലയിലാണ് ശിവാജി സാവന്ത് ജനിച്ചതെന്ന് അത്ഭുതത്തോടെ ഞാനറിഞ്ഞു. അതു മാത്രമല്ല; യായാതി എഴുതിയ വി. എസ്. ഖണ്ഡേക്കർ തൊട്ടടുത്ത സാംഗ്ലിയിൽ. ശോഭാ ഡേയുടെ ജന്മനഗരമായ സത്താറയും ഏറെ ദൂരത്തല്ല. അക്കാരണത്താൽ ആ നാടിനോട് എനിക്ക് വല്ലാത്ത ഇഷ്ടം തോന്നി. ഞാൻ അവരുടെ കൃതികൾ സംഘടിപ്പിച്ച് വായിക്കാൻ തുടങ്ങി.

കൗമാരം കടന്നു. ജീവിതത്തിന്റെ സന്ദിഗ്ധ ഘട്ടം. ജീവിതം അതിന്റെ ഗൗരവമുള്ള മുഖം കാട്ടുന്നു. ചിലപ്പോൾ ചിരിക്കുന്നു. ചിലപ്പോൾ നിസ്സഹായനാക്കുന്നു. വായന മാത്രമാണ് ബലം. എന്നാൽ വായനയും ചിലപ്പോൾ വഴിമുടക്കും. വായിച്ചാലും ഗ്രഹണം കുറയും. അകത്ത് വെപ്രാളം നിൽക്കുകയാണ്. ജീവിതമാണ് മുന്നിൽ നിൽക്കുന്നത്.

കർണൻ വായിച്ചു തുടങ്ങുകയാണ്. കർണ്ണനെ എനിക്കിഷ്ടമാണ്. വലിയ ശക്തികളുടെ പിന്തുണയൊന്നുമില്ലാതെ ഒറ്റക്ക് പൊരുതി വന്നവൻ.

നോവൽ തുടങ്ങുകയാണ്: “ഇന്ന് ഞാൻ ചില കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുകയാണ്…” കർണ്ണൻ തന്റെ കഥ പറയുകയാണ്. അങ്ങനെ വായന മുന്നേറുമ്പോൾ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പുസ്തകങ്ങളിലൊന്നായി കർണ്ണൻ മാറിയത് ഞാൻ പോലുമറിഞ്ഞില്ല.

ഇന്ന് ഞാനാ പുസ്തകം വീണ്ടും വായിക്കാനെടുത്തു. പുസ്തകത്തിൽ ചിലയിടങ്ങളിൽ ഞാനിട്ട അടിവരകൾ എന്നെ പഴയ വായനയിലേക്ക് വീണ്ടും കൂട്ടിക്കൊണ്ടുപോയി. ദുര്യോധനൻ എന്ന ഭാഗത്ത് “സത്യം രാജാവിന്റെ മാർഗം നിശ്ചിതമാക്കുന്നില്ല. മറിച്ച്, രാജാവ് നിശ്ചയിക്കുന്ന മാർഗ്ഗത്തെ സമൂഹം സത്യമായി സ്വീകരിക്കുന്നു.” ഈ വാചകം പല സന്ദർഭങ്ങളിൽ എന്റെ മുന്നിലേക്ക് വന്നിട്ടുണ്ട്. “നേശേ ബലസ്യേതി ചരേദ ധർമ്മ.” എന്ന് മാരാർ വിശദീകരിച്ചിട്ടുണ്ട്. ഒരുപാട് രാഷ്ട്രീയ സന്ദർഭങ്ങളിൽ ജീവിത സന്ദർഭങ്ങളിൽ അത് അനുഭവിച്ചിരിക്കുന്നു. ചെറുതും വലുതുമായ എല്ലാ അധികാരികളും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന തത്ത്വമാണത്.

“സംശയം കറുകപ്പുല്ലു പോലെയാണ്. ഒരു തവണ വേരുറച്ചു പോയാൽ വളർന്നുകൊണ്ടേയിരിക്കും. അവസാനം ഒരു കൊടുംകാടു പോലെയായിത്തീരുന്നു.” അടിവരയിട്ട മറ്റൊരു വാക്യം.

വായന ഒരു വനയാത്ര പോലെയാണ്. ഓരോ അടിവച്ച് മുന്നറുമ്പോൾ വനം ഒന്നൊന്നായി തെളിഞ്ഞ് ഒടുവിൽ ഒരു സമ്പൂർണ്ണ കാഴ്ചയായി മാറുന്നു.

പണ്ടു വായിച്ച കൃതി വീണ്ടും വായിക്കുമ്പോൾ രണ്ടു കാര്യങ്ങൾ നടക്കുന്നു. നമ്മൾ കൃതിയെ പുതുതായി വായിക്കുന്നു. ഒപ്പം പണ്ടു വായിച്ചതിന്റെ ഓർമ്മയിൽക്കൂടി സഞ്ചരിക്കുന്നു. ആദ്യ വായനയിൽ തെളിഞ്ഞ വനങ്ങൾ, പാതകൾ, മനുഷ്യർ, തിര്യക്കുകൾ, ശബ്ദങ്ങൾ ഒക്കെ തെളിഞ്ഞ് ആ മഹാവനത്തിന്റെ ചിത്രം പുന:സൃഷ്ടിക്കുക കൂടി ചെയ്യുന്നു.

ശിവാജി സാവന്ത് സൃഷ്ടിച്ച മഹാവനത്തിലൂടെ വീണ്ടും നടന്നു. രണ്ടാം വായനയിൽ വനം മറ്റൊന്നായി മാറിയിരിക്കുന്നു.

ദ്വൈതവനത്തിൽ പാണ്ഡവർ വനവാസത്തിലാണ്. ഏറ്റവും ദുരിതമയജീവിതം. ഈ സമയത്ത് തന്റെ പ്രതാപം കാട്ടി അവരെ ഒന്ന് അപമാനിക്കണമെന്ന് ദുര്യോധനന് തോന്നി. അയാൾ ആഡംബര വിഭൂഷിതരായ തോഴിമാരോടും കർണ്ണൻ ഉൾപ്പെടുന്ന സഖാക്കളോടും സൈനികരോടുമൊപ്പം ദ്വൈതവനത്തിലേക്ക് ക്രീഡക്ക് പോകുന്നു.

സ്ത്രീകൾ കാട്ടുപൊയ്കയിൽ കുളിക്കാൻ ചെല്ലുമ്പോൾ അവിടെ ഗന്ധർവ്വ സ്ത്രീകൾ നീരാടുന്നതാണ് കാണുന്നത്. ഗന്ധർവ്വ സ്ത്രീകളും ദുര്യോധനന്റെ പരിവാരങ്ങളും തമ്മിൽ വാക്കേറ്റമുണ്ടാകുന്നു. അവിടേക്ക് കർണ്ണൻ ചെല്ലുന്നു. അപ്പോൾ, ഗന്ധർവ്വരുടെ നേതാവായ ചിത്രസേനൻ കർണ്ണനോട് ഏറ്റുമുട്ടുന്നു. ദുര്യോധനാദികൾ യുദ്ധത്തിൽ ചേരുന്നു. അവധ്യനായ കർണ്ണനെ ജീവനോടെ വളഞ്ഞു പിടിക്കാൻ ചിത്രസേനൻ തന്റെ സൈനികർക്ക് ആജ്ഞ നൽകുന്നു. ചെറുത്തു നിൽക്കൽ അസാധ്യമെന്ന് കണ്ട കർണ്ണൻ തന്റെ കുതിരയായ വായുജിത്തിന്റെ പുറത്തേറി നിഷ്ക്രമിക്കുന്നു.

അപ്പോഴാണ് ദുര്യോധനൻ ഇപ്പോഴും യുദ്ധം ചെയ്യുക തന്നെയാണെന്ന് കർണ്ണൻ ഓർക്കുന്നത്. അയാൾ കുതിരയെ തിരികെ പായിക്കുന്നു. എന്നാൽ, യുദ്ധരംഗത്ത് എത്തുന്നതിന് മുമ്പ് അയാൾ അതിദയനീയമായ ഒരു കാഴ്ച കാണുന്നു. ദുര്യോധനൻ കാട്ടിൽ നിന്നിറങ്ങി വരികയാണ്. കാട്ടുവള്ളികൾ കൊണ്ട് അയാളുടെ കൈകൾ പിറകിൽ പിടിച്ചു കെട്ടിയിരിക്കുന്നു. കർണ്ണൻ ആദ്യമായി ദുര്യോധനനെ നമ്രശിരസ്കനായി കാണുകയാണ്. പലപ്പോഴും സത്യം സങ്കൽപ്പത്തേക്കാൾ ഭയാനകമായിരിക്കും. അദ്ദേഹത്തിന്റെ രാജവസ്ത്രം കീറിപ്പോയിരുന്നു. കുഞ്ചിരോമം പോയ സിംഹത്തെപ്പോലെ.

കർണ്ണൻ പോയ ശേഷം തടാകക്കരയിൽ നടന്ന കാര്യങ്ങൾ ദുര്യോധനൻ വിശദീകരിച്ചു. ഘോരയുദ്ധം നടന്നു. ഗന്ധർവസൈന്യം തന്നെ പിടിച്ചുകെട്ടി. ഈ വിവരം എങ്ങനെയോ അറിഞ്ഞ യുധിഷ്ഠിരൻ തന്നെ രക്ഷിക്കാൻ അർജുനനോട് ആവശ്യപ്പെടുന്നു. അർജുനൻ ചിത്രസേനനോട് യുദ്ധം ചെയ്ത് തന്നെ മോചിപ്പിക്കുന്നു. “എന്റെ ജ്യേഷ്ഠൻ നിർദ്ദേശിച്ചതനുസരിച്ചാണ് ഞാൻ നിങ്ങളെ രക്ഷപ്പെടുത്തിയത്. ഇനി ദ്വൈതവനത്തിലേക്ക് വരരുത്.” എന്ന് താക്കീത് നൽകിയ ശേഷം കൈകളിലെ കെട്ടഴിക്കാതെ കാട്ടിൽ നിന്നും പറഞ്ഞു വിടുന്നു.

ഇങ്ങനെ വരുന്ന മഹാരാജാവിനെയാണ് കർണ്ണൻ കാണുന്നത്. അയാൾ ആത്മാഭിമാനിയായ സ്നേഹിതനാണ്.

“ഞാനിനി ഹസ്തിനപുരത്തിലേക്ക് മടങ്ങുന്നില്ല. സാക്ഷാൽ ശത്രുവിൽ നിന്നും ജീവിതം യാചിച്ചു വാങ്ങി ബന്ധിതനായി പോന്നിരിക്കയാണ് ഞാൻ. വീരന്റെ മരണത്തെക്കാൾ ഭയാനകമാണ് വീരത്വത്തിന്റെ അന്ത്യം.”

ഇതും പറഞ്ഞ് അയാൾ ആത്മഹത്യക്ക് തയ്യാറെടുക്കുന്നു. തുടർന്നാണ് ഞാൻ എന്റെ ജീവിതത്തിലേക്ക് അടിവരയിട്ട് സ്വീകരിച്ച ആ വാചകം കർണ്ണൻ പറയുന്നത്.

“നിങ്ങൾ നഗരത്തിലേക്ക് വരികതന്നെ വേണം. ആര് ആർക്കാണ് ജീവദാനം നൽകുന്നത്? ജരാസന്ധന്റെ പതിനേഴ് ആക്രമണങ്ങളിൽ പരിഭ്രമിച്ച് മഥുര വിട്ട് ദ്വാരകയിലേക്ക് പോയ കൃഷ്ണനെ ലോകം ഭീരുവായി കരുതിയോ? ഭീഷ്മ പിതാമഹനാൽ തോറ്റ ജമദഗ്നിപുത്രനായ പരശുരാമൻ പരാജിത യോദ്ധാവായി കരുതപ്പെട്ടോ? നഹുഷമഹാരാജാവിനാൽ പരാജിതനായ ദേവേന്ദ്രനെ അറിയില്ലേ? ക്ഷത്രിയർ പ്രായോപവേശം ചെയ്തു മരിക്കാറില്ല.”

മഹാഭാരതത്തിൽ ഏറ്റവും ശക്തനായിരുന്നിട്ടും പാണ്ഡവരാൽ, ഗുരുവായ പരശുരാമനാൽ, ദ്രോണരാൽ, ദ്രൗപതിയാൽ, ഒക്കെ അപമാനിക്കപ്പെട്ട ആ സൂതപുത്രനെ നയിച്ചത് മേൽപ്പറഞ്ഞ ചിന്തയാവും. തന്നെക്കാൾ വലിയവർ തോൽക്കുകയും പടക്കളത്തിൽ നിന്നും പിൻമാറുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും അവരെ ആരും ഭീരുക്കളായി കാണുന്നില്ല. അനുഭവത്തിന്റെ ബലത്തിൽ സ്വീകരിച്ച വാക്കുകൾക്ക് ചത്ത മനുഷ്യനെപ്പോലും ഉയർത്തെഴുന്നേൽപ്പിക്കാൻ കഴിയുന്നു. പരാജയത്തിൽ നിന്നും വീണ്ടെണീറ്റ് പോരാട്ടത്തിന് പ്രാപ്തനാക്കുന്നു. അവതാരങ്ങൾക്ക് പോലും അപമാനങ്ങളിൽക്കൂടി കടന്നുപോകേണ്ടതുണ്ട് എന്ന് തിരിച്ചറിവുണ്ടാകുന്നു.

ദുര്യോധനൻ കർണ്ണന്റെ വാക്കുകൾ കേട്ട് തിരികെ ഹസ്തിനപുരിയിലേക്ക് മടങ്ങുന്നു.

ഈ കഥ ഞാൻ നൂറുകണക്കിന് കുട്ടികളോട് പറഞ്ഞിട്ടുണ്ട്. ഈ കുറിപ്പ് വായിക്കുന്നവരും അങ്ങനെ ചെയ്യണം.

കർണ്ണൻ ഒരിക്കൽക്കൂടി വായിക്കാനെടുത്ത ഞാൻ, ദ്വൈതവനത്തിൽ വച്ച് വായന നിർത്തി. അയാൾ കുരുക്ഷേത്രത്തിൽ ചതിയിൽപ്പെട്ട് മരിക്കുന്നതു വരെ എനിക്ക് ഇത് വായിച്ചു തീർക്കേണ്ടതില്ല. പരാജയം അവസാനമല്ല എന്ന് പഠിപ്പിച്ച കർണ്ണനെയാണ് എനിക്കിഷ്ടം.

Leave a Reply

Your email address will not be published. Required fields are marked *